കാപ്പയുൾപ്പെടെ
നിരവധി ക്രിമിനൽ
കേസുകളിലുൾപ്പെട്ട പ്രതിയുടെ ‘രംഗണ്ണൻ സ്റ്റൈൽ’ പിറന്നാളാഘോഷം നഗരമധ്യത്തിൽ നടത്താനുള്ള നീക്കം പോലീസ് പൊളിച്ചു. തേക്കിൻകാട് മൈതാനത്ത് ആഘോഷം നടത്താനുള്ള നേതാവിൻ്റെ ‘മാസ് എൻട്രി’ ക്ക് തൊട്ടു മുൻപായിരുന്നു പോലീസിന്റെ നീക്കം.
തൃശ്ശൂർ സിറ്റി പോലീസ് ഷാഡോ സംഘവും ഈസ്റ്റ് പോലീസും ചേർന്നാണ് പദ്ധതി പൊളിച്ചത്. കേക്കുമായി കാത്തിരുന്ന സംഘത്തെയും ‘കുട്ടി ഫാൻസി’നെയും നാല് ജീപ്പുകളിലായെത്തിയ പോലീസ് സംഘം വളഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സിനിമാ സ്റ്റൈൽ ഓപ്പറേഷൻ.
32 പേരാണ് തേക്കിൻ കാട്ടിലെ വടക്കേ ഭാഗത്തായി ഒത്തുകൂടിയത്. ഇവരിൽ 17 പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ആഘോഷത്തിനിടയിലേയ്ക്ക് അവസാന നിമിഷം നേതാവ് ‘മാസ് എൻട്രി’ നടത്തി അതിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനായിരുന്നു നീക്കം. അടുത്തിടെ കുറ്റൂരിൽ ഗുണ്ടാ നേതാവു നടത്തിയ ആഘോഷത്തെ അനുകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തെന്ന് സൂചനയുണ്ട്. പോലീസ് പരിപാടി പൊളിച്ചതറിഞ്ഞതോടെ ഇയാൾ മുങ്ങി.
പിടിയിലായ പ്രായപൂർത്തിയാകാത്ത 17 പേരേയും രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരിൽ പ്ലസ്ടു വിദ്യാർഥികളുമുണ്ട്. ബാക്കി 15 പേരുടെ പേരിൽ കേസെടുത്ത ശേഷം വിട്ടു. ഇവരിൽ ക്രിമിനൽ കേസിലുൾപ്പെട്ടവർ വരെയുണ്ടെന്ന് അറിയുന്നു.