മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെപോലീസ് പിടികൂടി. ഇയാളിൽനിന്ന് 67 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്.
വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. നാല് കാളുകളാക്കി 964 ഗ്രാം സ്വർണമാണ് പ്രതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു