July 1, 2024
അന്തിക്കാട്: കുരുന്നുകൾ പ്രതിഷേധവുമായി എത്തിയതോടെ അധികൃതർക്ക് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. അടിയന്തിരമായി റോഡിൽ ക്വോറി വേയ്സ്റ്റും ജിഎസ്പിയും നിരത്തി റോഡിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം ഒരുക്കിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം പഞ്ചായത്ത് അധികൃതർ തണുപ്പിച്ചത്. വർഷങ്ങളായി മഴ പെയ്താൽ വെള്ളം ഉയർന്ന് കാൽ നടയാത്ര പോലും ദുഷ്കരമാകുന്നതാണ് അന്തിക്കാട് കല്ലിട വഴി റോഡ്. രണ്ട് സ്കൂളുകൾ സ്ഥിതി ചെയ്യുന്ന ഈ റോഡിലെ വെള്ളം നീന്തിയാണ് വർഷക്കാലത്ത് വിദ്യാർത്ഥികൾ സ്കൂളിലെ ത്തിയിരുന്നത്.
കോടതി നടപടികളുടെ നൂലാമാലകൾ നിരത്തി പഞ്ചായത്ത് അധികൃതർ പ്രശ്നത്തിൽ ഇടപെടാതെ നിന്നതോടെ വിദ്യാർത്ഥികളും നാട്ടുകാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം പ്രദേശ വാസികളായ കുരുന്നുകൾ പ്രതിഷേധവുമായി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഇതോടെ ഭരണ സമിതി പ്രശ്നത്തിൽ ഇടപെടുകയും 2 ലക്ഷത്തോളം രൂപ ചിലവഴിച്ച് വെള്ളകെട്ട് നിലനിൽക്കുന്ന 250 മീറ്റർ ദൂരത്തിൽ മൂന്ന് യൂണിറ്റ് ലോറിയിൽ ഒമ്പത് ലോഡ് ക്വാറി വെയ്സ്റ്റ് അടിച്ച് അതിന് മുകളിൽ മൂന്ന് ലോഡ് ജിഎസ്പി കൂടി അടിച്ച് റോഡ് ഉയർത്തിയും റോളർ ഉപയോഗിച്ച് റോഡ് ശക്തിപ്പെടുത്തിയും ജെസിബി ഉപയോഗിച്ച് റോഡരിക് പാകപെടുത്തിയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ജീന നന്ദൻ പറഞ്ഞു. പ്രസിഡൻറിനെ കൂടാതെ വൈ. പ്രസിഡൻ്റ് പി.എസ്. സുജിത്ത്, പ്രദീപ് കൊച്ചത്ത്, സി.കെ. കൃഷണകുമാർ, മേനക മധു, ശരണ്യ രജീഷ്, ലീനമനോജ്, ടി.പി. രൺജിത്ത്, ഷഫീർ അബ്ദുൾ ഖാദർ, സരിത സുരേഷ്, അനിത ശശി, എ.കെ. അഭിലാഷ്, ടി.കെ. മാധവൻ, പണ്ടാരൻ നന്ദൻ, ഏ.ബി. ബാബു, പഞ്ചായത്ത് സെക്രട്ടറി സി.എ. വർഗ്ഗീസ്, അസി.സെക്രട്ടറി രാജേഷ് അയ്യന്തോൾ എന്നിവർ നേതൃത്വം നൽകി.