തിരുവനന്തപുരം: 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 25.06.2024 മുതൽ 24.08.2024 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ മുഖേന പൂർത്തീകരിക്കും. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കണം. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങൾക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്ര ജീവനക്കാർ ഗുണഭോക്താക്കളെ മുൻകൂട്ടി അറിയിച്ചതിനുശേഷം വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പുരോഗികൾക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾക്ക് നൽകേണ്ടതാണ്. മസ്റ്ററിംഗ് പൂർത്തീകരിക്കുവാൻ 2 മാസകാലയളവ് അനുവദിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ പ്രസ്തുത കാലയളവിനുള്ളിൽ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിച്ചാൽ മതിയാകും.