ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൌണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ മൈതാനത്തിലേക്കു ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ.