കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിക്ക് നേരെ രോഗിയുമായി എത്തിയവർ ആക്രമണം നടത്തിയതായി പരാതി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഏനാമാക്കൽ പ്രദേശത്തു നിന്നും എലിവിഷം കഴിച്ച യുവാവിനെ ഏതാനും പേർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. വിഷം കഴിച്ചവരെ ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലെന്നും ഡ്യൂട്ടി ഡോക്ടർ എത്തിയിട്ടില്ലെന്നും അദ്ദേഹം കാഞ്ഞാണിയിൽ ട്രാഫിക്ക് കുരുക്കിൽ പെട്ടിരിക്കുകയാണെന്നും ആയതിനാൽ രോഗിയെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ രോഗിയുടെ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ വന്നവർ ആശുപത്രിയിൽ അതിക്രമിച്ചു കയറുകയും രോഗികളെ കൊണ്ടുവരുന്ന ട്രോളി എടുത്ത് പുറത്തേക്ക് കൊണ്ടുവരികയും വിഷം കഴിച്ചു വെന്ന് പറയുന്ന യുവാവിനെ അതിൽ കിടത്തി ആശുപത്രിയുടെ ഉള്ളിലേക്ക് കടത്തുകയും ഡോക്ടറില്ലെന്ന് വീണ്ടും പറഞ്ഞതോടെ ഇവർ ബഹളം വെക്കുകയും ആശുപത്രിയിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ആശുപത്രി ഓണററി മാനേജർ പി.എ. രമേശനും, ഭരണസമിതി പ്രസിഡൻ്റ് പി.കെ. ഭാസ്ക്കക്കരനും പറഞ്ഞു. ഇതു സംബന്ധിച്ച് അന്തിക്കാട് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തുകയും കേസെടുക്കുകയും ചെയ്തു. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.