ചലക്കുടി: പോട്ട സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചു കയറി നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെ പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് അമിത വേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി. ബസ് കാറുകളിലേക്ക് ഇടിച്ചു കയറിയത്.
തൃശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക് പോകുകയായിരുന്ന കാറുകൾ പോട്ട ആശ്രമം ജംഗ്ഷനിൽ സിഗ്നൽ കാത്ത് കിടക്കുമ്പോൾ ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ തൃശൂർ പുറനട്ടുകര ശ്രീരാമ കൃഷ്ണ മിഷൻ സ്കൂളിലെ അധ്യാപികമാരായ ബിന്ദു മേനോൻ, അർച്ചന, കാർത്തിക എന്നിവർക്കും ഡ്രൈവറായ പെരിമ്പിലാവ് സ്വദേശി മണ്ണായി വീട്ടിൽ എം. എസ്. സുധിനും സാരമായി പരിക്കേറ്റു. ഉടൻതന്നെ നാട്ടുകാർ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ചാലക്കുടി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.