മണലൂർ : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഇറാന് ചരക്ക് കപ്പല്‍ മുങ്ങി ആറ് പേര് മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോർട്ട്. കപ്പൽജീവനക്കാരനായ തൃശൂര്‍ മണലൂർസ്വദേശിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
കപ്പലിന്റെ മുബൈയില്‍ ഓഫീസില്‍ നിന്ന്മണലൂർ സ്വദേശിയുടെ വീട്ടുകാരെ ബന്ധപ്പെട്ട് കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ധരിപ്പിച്ചതായി അധികൃതർ പറഞ്ഞു. മണലൂർസ്വദേശിയുംകൂടാതെ മറ്റൊരു മലയാളിയും കപ്പലിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഞായറാഴ്ചയാണ് ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാന്-കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ആദ്യ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കപ്പല്‍ മറിഞ്ഞതിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുവരികയാണ്..
അതേസമയം കപ്പലിലെ ജീവനക്കാരില്‍ എത്ര പേരുണ്ടെന്നും ഇന്ത്യക്കാരെത്രയെന്നുമുള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇറാന്റെ തുറമുഖ, മാരിടൈം നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദേയാണ് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന ആറ് ജീവനക്കാരും അപകടത്തില്‍ മരിച്ച കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു.