മണലൂർ പഞ്ചായത്ത് ഓഫീസ് ക്യാന്റീന് പുറകുവശത്തെ കാലപഴക്കമുള്ള മാവ് അപകടഭീഷണിയാകുന്നു. ഇതിന്റെ ചില്ലകൾ വളർന്ന് ഏതുസമയവും വീഴാവുന്ന നിലയിലാണ്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും കാന്റീനും സമീപത്തുള്ള വീടിനും അപകടം പറ്റാവുന്ന തരത്തിലാണ് മാവ് നിൽക്കുന്നത്.
മഴ കനത്തതോടെ ചില്ലകൾ കാറ്റിൽ ഉലഞ്ഞ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ഭീതിയിലാണ് ഇതിനുസമീപത്തുകൂടെ പോകുന്നത്.
മാവിന്റെ അവശിഷ്ടങ്ങൾ വീണ് പരിസരമാകെ മാലന്യങ്ങൾ നിറഞ്ഞു. സമീപത്തെ വീട്ടുകാരുടെ മുറ്റത്തും കേടുവന്ന മാങ്ങ വീണ് കിടന്ന് ശല്യമുണ്ട്. മാവ് മുറിച്ചുമാറ്റാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായതാണ്. എന്നാൽ ക്വട്ടേഷനും റീക്വട്ടേഷനും വെച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തിൽ പഞ്ചായത്തു തന്നെ നേരിട്ട് വെട്ടിമാറ്റാൻ ഉള്ള നടപടി എടുക്കേണ്ടതാണ്.
പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം വെട്ടിമാറ്റുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി എന്തു നടപടി മണലൂർ പഞ്ചായത്ത് അധിക്യതർ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.