പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത് ലാബ് തകരാർ തുടരുന്ന സാഹചര്യത്തിൽ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ ഇന്നലെയും കൂട്ടത്തോടെ പറഞ്ഞു വിട്ടു. ഇന്നലെ 30 രോഗികളെയാണ് ഡിസ്ചാർജ് ചെയ്തത്.
125 രോഗികളെ പരിയാരം കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടു ദിവസമായി 51 രോഗികളാണ് തിരിച്ചുപോകേണ്ടി വന്നത്. ഇവരിൽ ചിലർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. അതിനുള്ള സാമ്പത്തികശേഷിയില്ലാത്തവർ വീടുകളിലേക്കും.
ബൈപാസ് സർജറി ചെയ്യുന്ന രണ്ട് തിയറ്ററുകൾ നവീകരണത്തിനായി അടച്ചതിനാൽ ആറു മാസമായി ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്ന കാത് ലാബും പണിമുടക്കിയത്. ദിനംപ്രതി മുന്നൂറോളം പേരാണ് ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്.
കാത് ലാബ് സൗകര്യമില്ലാതെ എങ്ങനെ ഫലപ്രദമായി ചികിത്സ ലഭ്യമാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഡോക്ടർമാർ. സ്വകാര്യ ആശുപത്രികൾ വൻതുക ഈടാക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ഹൃദയ ചികിത്സ അപ്രാപ്യമാകുന്ന സാഹചര്യമാണെന്നു രോഗികൾ ചൂണ്ടിക്കാട്ടുന്നു.
കാത്ത് ലാബിന്റെ തകരാർ പരിഹരിച്ച ശേഷം മറ്റൊരു ദിവസം ചികിത്സയ്ക്കായി വരാനാണ് രോഗികളോട് ആശുപത്രി അധികൃതർ പറയുന്നത്. അതുവരെ അപകടമൊന്നും സംഭവിക്കല്ലേ എന്ന പ്രാർഥനയോടെയാണ് രോഗികളും അവരുടെ ഉറ്റവരും ആശുപത്രിയിൽ നിന്നു മടങ്ങിയത്.